Sunday, June 30, 2013

The Bottled Poetry...!!

Seeds sown to the heart of soil, pampered by those good old Saxons, seasoned in the grey Oak barrels, bottled, sealed and sold.....and finally served with Love! :-))
A lazy weekend in Gerlingen, Germany, 01/11/2012

Tuesday, January 1, 2013

നാട്ടുകാഴ്ചകള്‍ - 3

          ചിരി എന്നത് ഒരു പ്രതീകമാണ്‌; സന്തോഷത്തിന്‍റെ, സൗഹൃദത്തിന്‍റെ, നര്‍മത്തിന്‍റെ, പ്രതീക്ഷയുടെ ഒക്കെ പ്രതീകം. അത് മറ്റുള്ളവരിലേക്ക് പടര്‍ത്താന്‍ കഴിവുള്ളവര്‍ ഇടപഴകുന്നവരുടെ ഹൃദയങ്ങളിലും ഓര്‍മകളിലും സ്വന്തമായൊരിടം എളുപ്പത്തില്‍ നേടുന്നു. ഇങ്ങനെയുള്ളവരില്‍ ചിലരെങ്കിലും സ്വന്തം ദുഃഖങ്ങളുടെ തീച്ചൂളയാല്‍ പ്രകാശം പരത്തുന്ന നക്ഷത്രങ്ങള്‍* തന്നെ ആണ്. അതെനിക്ക് മനസ്സിലാക്കിതന്നത് വായിച്ചുകേട്ട ചാര്‍ളി ചാപ്ലിന്‍റെ ജീവിതമല്ല, മറിച്ച് എനിക്ക് നേരിട്ടറിയാവുന്ന കുഞ്ഞമ്മാമന്‍ എന്ന വ്യക്തിത്വമാണ്.

          കുറച്ചൊന്നു  മുന്നോട്ട് വളഞ്ഞ് നന്നേ ശോഷിച്ച ആ രൂപം "ഇത്രയും മെലിഞ്ഞ ആളുകളും ഉണ്ട്" എന്ന ഒരു ഓര്‍മപ്പെടുത്തല്‍ പോലെ തോന്നും. മിക്കവാറും വിശേഷങ്ങള്‍ക്കൊക്കെ പങ്കെടുക്കാറുള്ള കുഞ്ഞമ്മാമനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. അച്ഛന്‍റെ അമ്മാമന്‍മാരില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന ആളെന്ന നിലയില്‍ ഒരു കാരണവര്‍ സ്ഥാനം ഉണ്ടായിരുന്ന അദ്ദേഹത്തിന് ആ ബഹുമാനം എന്നും ലഭിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഫലിതങ്ങള്‍ വിശേഷദിവസങ്ങളിലെ ഒത്തുകൂടലുകളില്‍ ചിരി പടര്‍ത്തിയിരുന്നു. എല്ലാവര്‍ക്കും ഒരു പ്രത്യേക സ്നേഹം നിഷ്കളങ്കനും സരസനുമായ കുഞ്ഞമ്മാമനോട് ഉണ്ടായിരുന്നു.

          അദ്ദേഹത്തിന്‍റെ ഫലിതങ്ങള്‍ പലപ്പോഴും ബൗദ്ധികമായി നിലവാരം പുലര്‍ത്തുന്നവയാണ്.പറഞ്ഞുകേട്ട ഒരു കഥ ഇങ്ങനെ :  പണ്ട് ഒരു യാത്രക്കിടയില്‍ ഭക്ഷണത്തിനായി കുഞ്ഞമ്മാമന്‍ കയറിയത് ഒരിത്തിരി മുന്തിയ ഹോട്ടലില്‍ ആയിരുന്നു. വെടിപ്പായ വസ്ത്രധാരണത്തോടെ ഓര്‍ഡര്‍ സ്വീകരിക്കാനെത്തിയ ബെയറര്‍ കുഞ്ഞമ്മാമാനോടു ചോദിച്ചു, "Sir, You prefer to have G.R or M.R ? ". (G.R എന്നാല്‍ Ghee Roast എന്നും M.R എന്നാല്‍ Masal Roast എന്നും ആണ് ബെയറര്‍ ഉദ്ദേശിച്ചത് ) ഒരിത്തിരി ശങ്കിച്ച കുഞ്ഞമ്മാമന്‍ ഉടനെ മറുപടി കൊടുത്തു, " എനിക്ക് രണ്ട് U.V മതി. വേഗം ആയ്ക്കോട്ടെ..!", അമ്പരന്ന ബെയറര്‍ എത്ര ആലോചിച്ചിട്ടും U.V എന്താണെന്നു പിടികിട്ടിയില്ല. അവസാനം കുഞ്ഞമ്മാമന്‍ തന്നെ "ഹേയ്.....രണ്ട് ഉഴുന്നുവടേയ്...!" എന്ന് വിശദമാക്കി എന്നാണു കഥ!

          മലയാളം അദ്ധ്യാപകനായിരുന്ന കുഞ്ഞമ്മാമന്‍ U.P സ്കൂളില്‍ പഠിച്ചിരുന്ന അച്ഛനെ കാണുമ്പോള്‍ " U.T ഉണ്ണികൃഷ്ണന്‍റെ പാഠം എത്തിയോ കുഞ്ഞുകുട്ടാ..? " എന്ന് ഫലിതസ്വരത്തില്‍ തിരക്കിയിരുന്ന കാര്യം അച്ഛന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ( ഉറിയില്‍ തൂങ്ങിയ ഉണ്ണികൃഷ്ണന്‍ എന്നൊരു പാഠം ഉണ്ടായിരുന്നു അവര്‍ക്ക് അന്ന്  ) സദ്യക്ക് ചേന വറുത്തത് വിളമ്പുന്നതിനു "പ്ലസ്‌ ടു" എന്നും രസത്തിന്‍റെ കൂടെ പപ്പടത്തിന് "മെര്‍ക്കുറിക്ക് ബോണസ്‌" എന്നും ഒക്കെയാണ് കുഞ്ഞമ്മാമന്‍റെ ശൈലി!

          ഒരിക്കല്‍ അച്ഛന്‍റെ കാലിലെ എല്ലുപൊട്ടി കിടപ്പിലായിരുന്നപ്പോള്‍ കാണാന്‍ വന്ന കുഞ്ഞമ്മാമന്‍ എന്നെ കണ്ട് അച്ഛന്‍റെ മകന്‍ ആണെന്ന് തിരിച്ചറിഞ്ഞില്ല. അതിന്‍റെ പരിഭവം ഞാന്‍ അദ്ദേഹത്തെ ബസ്‌ സ്റ്റോപ്പില്‍ കൊണ്ടുവിടുന്ന വഴിക്കൊക്കെ എന്നോട് പറഞ്ഞുകൊണ്ടിരുന്നു.

          ഇടയില്‍ എപ്പോഴോ ആണ് ഞാന്‍ കുഞ്ഞമ്മാമന്‍റെ കുടുംബചരിത്രം അറിയുന്നത്. അദ്ദേഹത്തിന്‍റെ പത്നി രോഗിയായിരുന്നു. ബുദ്ധിമാന്ദ്യം ഉള്ള മകളെ പണ്ട് ആര്‍ക്കോ വേളി കഴിച്ചു കൊടുത്തു. പക്ഷേ ആ വേളിയിലൂടെയുള്ള സമ്പത്ത് മാത്രം ലക്ഷ്യമുണ്ടായിരുന്ന അയാള്‍ അധികം വൈകാതെ അവരെ കുഞ്ഞമ്മാമന്‍റെ അടുത്ത് ഉപേക്ഷിച്ചു പോയി.

          കുഞ്ഞമ്മാമന്‍റെ അമ്മാമി മരിച്ച അവസരത്തില്‍ അച്ഛന് പോകാന്‍ പറ്റാതെ വന്നപ്പോള്‍ ഞാനാണ് വല്യച്ഛന്‍മാരോടൊപ്പം അദ്ദേഹത്തെ കാണാന്‍ പോയത്. അവിടെച്ചെന്ന് ഞങ്ങള്‍ ഓരോരുത്തരും കുറച്ചു കാശ് കയ്യില്‍ വച്ചുകൊടുത്തപ്പോള്‍ കുഞ്ഞമ്മാമന്‍റെ കണ്ണുനിറയുന്നതും തൊണ്ട ഇടറുന്നതും ഞാന്‍ കണ്ടു. അത് ചിരി പടര്‍ത്തുന്ന ഫലിതങ്ങളുടെ ഒരു മറുവശമായിരുന്നു.

          കേള്‍ക്കുന്നവരുടെ കണ്ണ്‍ നനയിക്കുന്ന ജീവിത പശ്ചാത്തലമുണ്ടായിരുന്ന കുഞ്ഞമ്മാമന്‍ പക്ഷേ എന്നും മറ്റുള്ളവരിലേക്ക് പകര്‍ന്നിരുന്നത് ചിരിയുടെ തിളക്കമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കുറിച്ച് ഒരു കുറിപ്പെങ്കിലും ഉണ്ടാകാതെ വയ്യ. അദ്ദേഹം ഈ ലോകം വിട്ടുപോയിട്ട് അധികം കാലമായിട്ടില്ല. ഇനിയുള്ള തലമുറ ഒരുപക്ഷേ അദ്ദേഹത്തെ പറ്റി കേള്‍ക്കാനോ അറിയാനോ വഴിയില്ല. തലമുറകള്‍ കഴിയുംതോറും കൂടുതല്‍ വ്യക്ത്യധിഷ്ഠിതവും സങ്കീര്‍ണവും ആയിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിന് "ചിരി" എന്ന അനുഭവം അന്യമാവുന്ന കാലം ഒരു അതിശയോക്തി ആവില്ല. അങ്ങനെയുള്ള ഒരു കാലത്തെ മനുഷ്യര്‍ക്കുവേണ്ടിയുള്ള ചൂണ്ടുപലകയായിരിക്കട്ടെ എന്‍റെയീ അനുഭവസാക്ഷ്യം.

 (*ജി ശങ്കരകുറുപ്പിന്‍റെ "നക്ഷത്രഗീതം" എന്ന കവിതയോട് കടപ്പാട്‌. )


നാട്ടുകാഴ്ചകള്‍ -2