Thursday, January 2, 2014

ഒരു പുഴയുടെ കഥ




 

          പുഴയുടെ നിലക്കാത്ത ഒഴുക്ക്‌......അത് കാലഘട്ടങ്ങള്‍ക്കും സംസ്ക്രുതികള്‍ക്കും മുകളിലൂടെ നിരന്തമായുള്ള ഒഴുക്കാണ് . അതിന്‍റെ തീരങ്ങള്‍ സാക്ഷിയായി നിരവധി നഗരങ്ങള്‍, സംസ്കാരങ്ങള്‍ ഉയര്‍ന്നുപൊങ്ങി പിന്നീട് തകര്‍ന്നടിയുന്നു.അതിര്‍ത്തികള്‍ നിര്‍ണയിക്കപ്പെടുന്നു; പുനര്‍നിര്‍ണ്ണയിക്കപ്പെടുന്നു. പിന്നെ യുദ്ധ മുഖങ്ങളായി ചോരചിന്തുന്നു.എല്ലാത്തിനും മുകളിലൂടെ കാലത്തിന്‍റെ മഹാപ്രവാഹമായി പുഴ ഒഴുകുന്നു. ആ ഒഴുക്കിനൊപ്പം മണ്ണിന്‍റെ ഓരോ അടരുകളിലും ഓര്‍മ്മകളുടെ നിധികള്‍ കൂട്ടിവയ്ക്കുന്നു...!


          അങ്ങ് കിഴക്ക് സഹ്യനില്‍ നിന്ന് പിറക്കുന്ന ദ്രാവിഡ കന്യകയായ നിള കേരളത്തില്‍ കാല്‍കുത്തി ചിറ്റൂരിലെ ശോക നാശിനിയാവുന്നു. പാലക്കാടിന്‍റെ ഹൃദയ ഭാഗത്ത് അവള്‍ കല്പാത്തി പുഴയാണ്. അഗ്രഹാരങ്ങളും,തേരുരുളുന്ന തെരുവുകളും, എണ്ണമറ്റ രഥോത്സവങ്ങളും, സംഗീത സദസ്സുകളും സാക്ഷിയാക്കി കൊണ്ട് കല്പാത്തി പുഴ ഒഴുകുന്നു. ഒ.വി. വിജയന്‍ 'ഇതിഹാസം' എഴുതുമ്പോള്‍ ഈ പുഴയുടെ ഒഴുക്കില്‍ നിന്നും മഷി നിറച്ചിരിക്കണം.....തീര്‍ച്ച ! ചരിത്രമുറങ്ങുന്ന ടിപ്പുവിന്‍റെ കോട്ടയും പടയോട്ടങ്ങളും ഒക്കെ ഒഴുക്കിനിടയിലെ ചില കണ്‍വെട്ടങ്ങള്‍ പോലെ നിള ഓര്‍ത്തു വച്ചിരിക്കണം ! അവളുടെ മണല്‍ത്തിട്ടകള്‍ കടന്നുവരുന്ന പാലക്കാടന്‍ കാറ്റില്‍ പനങ്കാടുകള്‍ ഇളകിമറിയും....!

          കല്പാത്തി കടന്നാല്‍ പിന്നീടവള്‍ കണ്ണാടിപ്പുഴ. പറളിയുടെ മണ്ണിലൂടെ വള്ളുവനാട്ടിലേക്ക്. തിരുവില്വാമലയില്‍ എത്തുമ്പോള്‍ ഉമ്മറ കോലായില്‍ നിന്നും വി.കെ.എന്‍ ന്‍റെ ചിരി. ലക്കിടിയില്‍ വച്ച് കാലാതീതനായ ആ സരസന്‍ നമ്പ്യാരെ നിള ഓര്‍ത്തു പോകാം. പിന്നെ മായന്നൂരും കടന്നു ഒറ്റപ്പാലത്ത് എത്തുമ്പോള്‍ നിളയുടെ ഒഴുക്കിന് ഒരു വള്ളുവനാടന്‍ ഭാഷയാണ്. അവിടെ മണല്‍ പരപ്പിലെ നിലാവിന് ഒരു പ്രത്യേക ലഹരിയാണത്രെ ! കണ്ണെത്തുന്ന ദൂരത്തു അനങ്ങന്‍ മല അവളെ നോക്കി നില്‍ക്കുന്നു. വീണ്ടും നിലയ്ക്കാത്ത ഒഴുക്ക്.

          ഷൊര്‍ണൂരില്‍ നിള കലാമണ്ഡലത്തിനെ തൊട്ടുകൊണ്ട് പരന്നൊഴുകുന്നു. നിളയുടെ തീരത്തെ ആ കൂത്തമ്പലങ്ങളില്‍ നിന്നും കളരികളില്‍ നിന്നും പുതിയ സര്‍ഗ ധാരകള്‍ പിറക്കുന്നു. തിരുമിററക്കോടും, പട്ടാമ്പിയുമെല്ലാം ഒഴുകിയെത്തുമ്പോഴേക്കും ഒരുപാട് പൂരങ്ങളും, നേര്‍ച്ചകളും , പള്ളി പെരുന്നാളുകളും നിളയെ സാക്ഷിയാക്കി കടന്നുപോയിരിക്കും. പട്ടാമ്പിയില്‍ നിന്ന് പള്ളിപ്പുറത്തിനടുത്ത് നിള തൂതപ്പുഴയുമായി സംഗമിക്കുന്നു......ഒന്നാവുന്നു.

          തൃത്താലയിലെ പുഴക്കരയില്‍ പുളിയിലകള്‍ വീണുകിടക്കുന്നത് കാണാം. അവിടെയാണ്  ചെണ്ടയുടെ ഇടന്തലയിലെ ശുദ്ധമായ 'ണ' കാരം ഉയര്‍ന്നിരുന്നത്. വി.ടി യും, പുന്നശ്ശേരി നമ്പിയും, ഇ.എം.എസ്സും, 'ബലെ' വാര്യരും ഒക്കെ നടന്നുപോയ വഴികള്‍. പറയി പെറ്റ പന്തിരുകുലത്തിന്‍റെ ദേശം.  രായിരനെല്ലൂരില്‍ നിന്ന് നാറാണത്ത്‌ ഭ്രാന്തന്‍റെ ചിരി.

          കൂടല്ലൂരില്‍ നിളക്ക് പരിചിതനായ ഒരു വ്യക്തിയുണ്ട്. ചുണ്ടില്‍ ബീഡി പുകച്ചുകൊണ്ട് നടന്നു പോകുന്ന കര്‍ക്കശക്കാരനായ ഒരു കഥാകൃത്ത്‌, നോവലിസ്റ്റ്, സിനിമാക്കാരന്‍ - എം.ടി

          കാറ്റാടി കടവും കടന്നു കുറ്റിപ്പുറത്തേക്ക് പിന്നെ. കുറെ ജീവിതങ്ങള്‍ അറ്റുപോയിട്ടുള്ള പുഴപ്പരപ്പ്. ചിലപ്പോള്‍ നിള അങ്ങനെയാണ് - മരണം നിഴലിക്കുന്ന ഒരിടം.  ജീവദായിനിയും ജീവ ദാഹിയും ആയ ഒഴുക്ക് !!

           വീണ്ടും മുന്നോട്ടുള്ള പ്രയാണം. തിരുനാവായില്‍ പുഴയുടെ മണല്‍പുറത്ത് ചാവേറുകള്‍ ചിന്തിയ ചോരയുടെ മണം. രണവീര്യം മുഴങ്ങുന്ന ആരവങ്ങളും, വാല്‍പ്പയറ്റിന്‍റെ ധ്വനികളും, കുതിരകളുടെ കുളമ്പടിയൊച്ചയും അങ്ങനെയങ്ങനെ......നിളക്ക് മാത്രം സ്വന്തമായ ചില ഓര്‍മ്മകള്‍ !! ചരിത്രം മുന്നോട്ടോഴുകുന്നു, അവളെപ്പോലെ തന്നെ.

          പൊന്നാനിയിലെ  മാപ്പിള വണിക്കുകള്‍ക്കും, പള്ളിമകുടങ്ങള്‍ക്കും, ബാങ്കുവിളികള്‍ക്കും അവളെ അറിയാം. അവിടെ വച്ച് നിള കടലിന്‍റെ ഉപ്പ് രുചിക്കുന്നു. അഴിമുഖത്തിന്‍റെ നിറഞ്ഞൊഴുക്കില്‍, വലിയൊരു യാത്രയുടെ അന്ത്യത്തില്‍, പുഴയുടെ അസ്തിത്വം വെടിഞ്ഞ് നിള അറബികടലിന്‍റെ കാണാപ്പരപ്പില്‍ ലയിക്കുന്നു. അനിവാര്യമായ ഒരു ജലസമാധി !

          വീണ്ടും കിഴക്കോട്ട് നോക്കിയാല്‍ കടന്നുപോയ വഴികളൊക്കെ കാണാം. പോയ്മറഞ്ഞവരെയും. പക്ഷെ വ്യക്തികള്‍ നിളക്ക് അപ്രസക്തരാണ്. അവര്‍ ബാക്കിവച്ച കാല്‍പ്പാടുകള്‍ക്ക്‌ തുടര്‍ച്ചയില്ല. പുഴമണലില്‍ അവ മറഞ്ഞുപോകുന്നു. നിളയുടെ വഴിപ്പാടുകള്‍ നീര്‍ച്ചാലുകള്‍ ആണ്. അത് ഒരു തുടര്‍ച്ചയാണ്. ഒഴുക്കാണ്. 

          ഇതുവരെ, ഈ കാലത്തും, നമുക്ക് കാണാനായി ഭാരതപ്പുഴയുണ്ട്. മണല്‍തിട്ടകള്‍ക്കിടയിലെ ജലസരണികളില്‍ നിന്ന് ബലിക്കാക്കകള്‍ പറന്നുയരുന്നു. നീളന്‍ പുല്ലുകള്‍ക്കിടയിലൂടെ ചാഞ്ഞ വെയില്‍. ഇനിയെത്ര കാലം ? അത് മാത്രം  അറിഞ്ഞുകൂടാ.