Sunday, December 28, 2008

ഓട്ടോഗ്രാഫ്


മഞ്ഞനിറം പടര്‍ന്ന കടലാസിന്റെ ഓരങ്ങളില്‍ കാലം ഏല്പിച്ച മങ്ങലുണ്ട്,ഓര്‍മ്മകളുടെ മണമുണ്ട്.അതിലെ അക്ഷരങ്ങള്‍ പെട്ടെന്ന് മനസ്സിന്റെ ഭാഗമായി മാറുന്നു:ചിരിയായി,തേങ്ങലായി,ഓര്‍മകളായി.....

+2 അവസാനിക്കാറായ മാസങ്ങള്‍.എല്ലാവരും വരാന്‍പോകുന്ന വഴിപിരിയലിന്റെ തിരിച്ചറിവിലാണ്‍.അന്ന്, ഞങ്ങള്‍ക്ക് വിട്ടുപോരാന്‍ മനസ്സുവരാത്ത ഒരുപാട് ഒത്തുചേരലുകള്‍ ഉണ്ടായിരുന്നു.ഷമീര്‍ പറയും, “ഒരു ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരുന്നെങ്കി എല്ലാം പകര്‍ത്തിവയ്ക്കാമായിരുന്നു അല്ലേടാ......ഇതിപ്പൊ വെറുതെ.....”

അങ്ങനെയാണ് മരം നടുക എന്ന ആശയം ഉയര്‍ന്നത്.പിന്നീടെപ്പോഴെങ്കിലും തിരിച്ചുവരുമ്പൊ ആ പോയകാലത്തെ “ഞങ്ങളെ” ഓര്‍ക്കുന്ന മരങ്ങളെങ്കിലും ഉണ്ടാവട്ടെ എന്നായിരുന്നു ചിന്ത.പിന്നീട് അത് Old Student's Association രൂപീകരിക്കാനുള്ള തീരുമാനം വരെ എത്തി.ഞാനും ഷമീറും അടക്കം 7-8 പേരായിരുന്നു ആദ്യ മീറ്റിങ്ങില്‍ ഉണ്ടായിരുന്നത് എന്നു ഞാന്‍ ഇപൊഴും ഓര്‍ക്കുന്നു.

ഞങ്ങളുടെ തമാശകളും,ചിരികളും,അലര്‍ച്ചകളും,പിണക്കങ്ങളും എല്ലാം എല്ലാം ഞങ്ങള്‍ക്കുമാത്രം കാണാന്‍ പാകത്തിന് ഇപ്പോഴും അവിടെ എവിടെയൊക്കെയോ ഉണ്ടാവാം.അവയൊക്കെ എനിക്ക് തിരിച്ചുതരുന്നത് ഈ പുസ്തകത്തിലെ അക്ഷരങ്ങളാണ്......അതെ,കഴിഞ്ഞുപോയതൊന്നും നഷ്ടപ്പെടലുകളല്ല,പിന്നീട് ഓര്‍മകളില്‍ കൂട്ടിവയ്ക്കാന്‍ ഉള്ള വിലമതിക്കാനാവാത്ത നേട്ടങ്ങളാണ്......!

Sunday, November 23, 2008

തിരുവാതിരക്കാറ്റ്


പരന്നുകിടക്കുന്ന പാടത്തിനപ്പുറം,ചുവന്ന മണ്‍പാത അവസാനിക്കുന്നിടത്തെ തിരിവില്‍,പിന്നെ കുന്നുകയറുന്ന വഴിയില്‍, ഒക്കെ കാണാം വള്ളുവനാടിന്റെ സ്വന്തം കരിമ്പനകള്‍......തിരുവാതിരയിലെ വരണ്ട കാറ്റില്‍ പനയോലകള്‍ ഞരങ്ങും.......പിന്നെ രാത്രിയില്‍ നിലാവുദിക്കുമ്പോള്‍ അവയ്ക്കുമുകളില്‍നിന്ന് പ്രണയാര്‍ത്തരായി യക്ഷികള്‍ ഇറങ്ങിവരും.......സുന്ദരിമാരുടെ സ്വപ്നങ്ങളില്‍ ഗന്ധര്‍വ്വന്മാര്‍ ഇടം പിടിക്കുമ്പോള്‍ കരിമ്പനകളുടെ ഏകാന്തതക്ക് കൂട്ടിരിക്കുന്ന, സ്നേഹം കൊതിക്കുന്ന, യക്ഷികളെ ഭയന്ന് സന്ധ്യകളില്‍ ഇടവഴികള്‍ വിജനമാവും......പാലപ്പൂവിന്റെ മണം പരക്കുമ്പോള്‍ വീണ്ടും വരണ്ട കാറ്റില്‍ കരിമ്പനകള്‍ ഇളകും....! (ഖസാക്കിനെ ഓര്‍മിച്ചുകൊണ്ട്)

ജീവന്റെയുള്ളിലെ ജീവന്‍




വാക്കുകള്‍കൊണ്ട് നിര്‍വ‍ചിക്കാന്‍ കഴിയാത്തതിലും ആഴമുണ്ട് ഇവരുടെ ബന്ധത്തിന്..........!!!

Tuesday, August 5, 2008

മരണത്തിന്റെ മണം...!





ചക്രവാളം വരെ ചെന്ന് തിരികെ നടക്കുമ്പോള്‍
വെറുതെ കൊതിച്ച ചോദ്യം
“എവിടെയായിരുന്നു ഇതുവരെ ?”

രാവുപൊട്ടിത്തകര്‍ന്ന്
ഉറങ്ങാത്ത കണ്ണുകളില്‍ വെളിച്ചം വീണപ്പോള്‍
വെറുതെ കൊതിച്ച ചോദ്യം
“എന്തിനായിരുന്നു ഇതൊക്കെ ?”

പിന്നെ തണുത്ത ചുണ്ടുകളില്‍ത്തട്ടി
ചോദ്യങ്ങള്‍ നിലച്ചപ്പോള്‍
ഒരിക്കലും കൊതിക്കാത്ത ചോദ്യം
“എപ്പോഴായിരുന്നു അത് ?”

Sunday, July 13, 2008

വഴികള്‍.......ചില ചിന്തകള്‍....!!!











“വഴികള്‍ നമുക്കായി കാത്തിരിക്കുന്നു
വരിക സഖീ നമുക്കൊത്തുപോകാം
നിലാവിന്റെയറ്റം വരെ
നീലവാനം ചുവക്കുന്നിടംവരെ
സമയസീമകള്‍ക്കപ്പുറം
പ്രളയജലധി പിറക്കുന്നിടംവരെ
മണ്ണ് മണ്ണോടു ചേരുന്നിടംവരെ*
രണ്ടുമെയ്യായി വേര്‍പെടാന്‍ വയ്യാതെ
നിന്നില്‍ ഞാന്‍ വീണലിയുന്നിടംവരെ.....!”


അതെ,വഴികള്‍ സംസ്കാരങ്ങളെ അടയാളപ്പെടുത്തുന്നു.അവയില്‍ തുടിക്കുന്നത് മനുഷ്യന്റെ പ്രയാണങ്ങളാണ്....പലതും തേടിയുള്ളവ,പലതില്‍ നിന്നും ഉള്ളവ.........!

വഴികള്‍ നമ്മെ മണ്ണോട് ചേര്‍ത്ത് നടത്തുന്നു.ഒന്നിന്റെ അവസാനം മറ്റൊന്നിന്റെ തുടക്കമാവുന്നു.
അതങ്ങനെ അനന്തമായി തുടരുന്നു.ചില ദൂരങ്ങള്‍,ചില ഉയരങ്ങള്‍.......അവ നടന്നുതീര്‍ക്കാന്‍ മാത്രം കഴിയുന്നവയാണ് ‍.അങ്ങനെ,വഴികള്‍ നഷ്ടപെടുന്നിടത്ത് നമ്മള്‍ പകച്ചുപോകുന്നു.....അവിടെ സമയം
നിശ്ചലമാവുന്നു,ചലനം നിലയ്ക്കുന്നു.....എന്നെന്നേക്കുമായി....!


(* here i meant , "from dust to dust" )


വെറുതെ നടന്നു നോക്കുമ്പോള്‍ കാണുന്നതു ഇല്ലാതായിക്കൊണ്ടിരിക്കുന്ന വഴികളെ ആണ് . "car to carpet" lifeന് ഇടയില്‍ നാട്ടിന്‍പുറത്തെ ഇത്തരം വഴികള്‍ അന്യമായിക്കൊണ്ടിരിക്കുന്നു.നടന്നു
പോകുന്ന യാത്രകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.ഈ വഴികളോടൊപ്പം ചുരുങ്ങുന്നതു
നമ്മുടെയൊക്കെ മനസ്സുകളാണ് എന്നും തോന്നുന്നു.

അക്ഷരത്തെറ്റുകള്‍ക്ക് വീണ്ടും ക്ഷമ ചോദിക്കട്ടെ.ഇതിലും നന്നായി എനിക്കു എഴുതാന്‍ കഴിയുന്നില്ല :-(
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലൊ...???
നന്ദി

Tuesday, June 24, 2008

ഒരു തേങ്ങല്‍



പുഴയായിരുന്നു ഞാന്‍, വീണ്ടുമോര്‍ക്കുമ്പോള്‍‍ , പണ്ട്
നിഴലേ ബാക്കിയുള്ളിപ്പൊഴെന്നിലെങ്കിലും
കടലില്‍ ചേരാനുള്ളെന്‍ കാലിലെ കൊലുസ്സുകള്‍
ചിതറിത്തെറിച്ചീടാനില്ലിനിയേറെക്കാലം.....!

പണ്ട് രാത്രിയിലെന്റെ നെഞ്ചില്‍ വീണുറങ്ങിയ
കുഞ്ഞുതാരകളൊക്കെയിന്നുമുണ്ടകലത്തായ്
കണ്ടുനില്‍ക്കുവാന്‍ വയ്യെന്‍ മിഴിനീരവയ്ക്ക്, എന്നാല്‍
കണ്ണുപൂട്ടുവാന്‍ പോലും കഴിവില്ലൊരിക്കലും.....!

ചോരവാര്‍ന്നുപോയോരെന്‍ കൈവഴിഞരമ്പുകള്‍
സ്വപ്നത്തിലായെങ്കിലും നിറയാന്‍ കൊതിക്കുന്നു
ഇല്ലിനി തിരിച്ചൊഴുക്കൊരിക്കലും, അല്ലെന്നാകില്‍
ജന്മംകൊണ്ടിടത്തുപോയ് മരണംവരിച്ചേനെ.....!

കരയാനിനിവയ്യ, കാത്തിരിപ്പില്ലാ തെല്ലും
കയറന്വേഷിക്കാന്‍ വയ്യ, യാത്രചൊല്ലാനുമില്ല
കരയേറ്റെടുത്തോളുമെന്നിലെ സ്മ്രിതികളെ
കടലോളമെത്താതുള്ളെന്റെയീ മ്രിതിയെയും.....!



അനുബന്ധം:




എന്റെ കലാലയത്തിന്റെ ക്യാമ്പസ്സിനുള്ളില്‍ ഉള്ളതാണ് ഇങ്ങനെ ഒരു അറിയിപ്പ്........

It says , "DO NOT VENTURE INTO BHARATHAPUZHA.THE RIVER IS DANGEROUS.IT HAS TAKEN AWAY MANY LIVES.AVOID ACCIDENTS."

അതില്‍ പറഞ്ഞതു വളരെ ശരിയാണ്......പുഴ അതിന്റെ ഏകാന്തതക്ക് കൂട്ടിരിക്കാന്‍ വിളിച്ചത് ഞങ്ങളുടെ കുറെ കൂട്ടുകാരെയാണ്.....അത് ഇനിയും തുടരുമോ എന്ന ഭയം എല്ലവരിലും ഉണ്ട്.....അങ്ങനെ കുറെ കണ്ണുനീരുകൂടി വീഴ്ത്തുന്നു നിള.....ഞാന്‍ എവിടെയോ കേട്ടിട്ടുണ്ട് , “For every encroachments, nature revenges"* എന്ന്.....ചിലപ്പൊ ശരിയായിരിക്കും അല്ലെ....???!!!

*(am not sure about the exact quotation,but it means something like this)

അക്ഷരതെറ്റുകള്‍ ക്ഷമിക്കുമല്ലൊ.....അഭിപ്രായം അറിയിക്കാന്‍ മടിക്കരുത്........നന്ദി.

Friday, June 13, 2008

മഴച്ചിത്രങ്ങള്‍.......ചിന്തകള്‍





“കുന്നിന്റെ മുകളിലാണ് ഞാനവളെ ആദ്യം കണ്ടത്.......
കാറ്റിന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി കണ്ണിമ ചിമ്മുംനേരംകൊണ്ട്
അവള്‍ അടുത്തെത്തി........
പിന്നെ എന്റെ ദേഹത്ത് അവള്‍ തളര്‍ന്നുവീഴുമ്പൊ
പിന്നില്‍ നിന്നു അമ്മ വിളിച്ചുപറഞ്ഞു, “ആ മഴയത്ത്ന്ന് ഇങ്ങട് കേറി നില്‍ക്ക് കുട്ടാ......ഇനി പനി വരുത്തണ്ട”

അതെ......ഇടവപ്പാതി എന്നും ഒരു അനുഭൂതിയാണു.........ആകാശമാകെ കറുത്തിരുണ്ട്,വെളിച്ചം മങ്ങി വന്ന്,ആര്‍ത്തിരമ്പി പെയ്തുനിറയുന്ന ഒന്ന്........പിന്നില്‍ സൂര്യഭഗവാന്‍ നിരാശനായി നില്പുണ്ടാവും,ഭൂമിദേവിയെ ഒരുനോക്ക് കാണാനാവാതെ..........
മഴ ഒരു തുടക്കമാണ്‍;ഉര്‍വരതയുടെ ,പഴയതില്‍ നിന്ന് പുതിയതിലേക്കുള്ള സംക്രമത്തിന്റെ,മാറ്റത്തിന്റെ ഒക്കെ പ്രതീകം.......ഭൂമിയിലെ ജീവന്‍ മഴയില്‍നിന്ന് ഉദ്ഭവിച്ചു എന്നാണല്ലൊ...............!!!!
പ്രക്രിതിയാകെ മഴയില്‍ നനഞ്ഞ് കുതിര്‍ന്ന്നില്‍ക്കുമ്പൊ മുന്‍പെ കണ്ടിരുന്ന നിറങ്ങള്‍ക്കൊക്കെ പുതിയ ഒരു തെളിച്ചം.........മണ്ണ് കൂടുതല്‍ ചുവക്കുന്നു,,ഇലകള്‍ കൂടുതല്‍ ഹരിതമാവുന്നു,പൂവുകള്‍ കൂടുതല്‍ സുന്ദരികളാവുന്നു..........!!!
രാത്രിയിലെ മഴക്കു വേറെ ഒരു മുഖമാണ്.....ഇരുട്ടില്‍ പുറത്തെ മഴയില്‍ ലയിച്ചിരിക്കുമ്പൊ കാഴ്ചയുടെയും,ശബ്ദങ്ങളുടെയും,മണങ്ങളുടെയും ഒക്കെ നിറവ്..........ചീവീടുകളുടെയും തവളകളുടെയും കൂട്ടമായ കരച്ചില്‍,നനയുന്ന മണ്ണിന്റെ മണം,ഇരുണ്ട നിഴലുകളും കുറച്ചുകൂടി തെളിഞ്ഞ മഴയും......!!!
അങ്ങനെ “വീണ്ടും കാണാം” എന്ന വാക്കിനുപോലും ഇടയില്ലാതെ വീണ്ടും വീണ്ടും പെയ്തുനിറയുന്ന ഇടവപ്പാതിയിലെ മഴ......!!!

Friday, June 6, 2008

കാണാ‍ന്‍ മറന്നുപോകുന്നവ.......!

ഇടവപ്പാതി കഴിഞ്ഞാല്‍ കുളം പടവുകള്‍ കയറി വരും;
മുകളില്‍ കാത്തുനില്‍ക്കുന്ന ചെടികള്‍ക്കിടയിലേക്ക്.......!!!


പടിപ്പുര കടന്ന് ഇറയത്തേക്ക്......


ഈ വഴിയാണു പണ്ട് ഞങ്ങള്‍‍ സ്കൂളിലേക്കു നടന്നിരുന്നതു.....ഇന്നെന്തൊ ഈ വഴി വിജനമാണ്...!


കുളവും കഴിഞ്ഞാല്‍ പാടം കാണാം.....പുല്‍ക്കൊടികള്‍ എപ്പോഴും വഴി മാറി തരും......!


മഴ പോയി.....അവള്‍ പക്ഷേ ഓറ്മകളുടെ നീറ്ത്തുള്ളികള് ബാക്കി വച്ചു....!



എല്ലാ വഴികളും അവസാനിക്കുന്നിടം.....അങ്ങനെ ഒന്നുണ്ടൊ....??? ആറ്ക്കറിയാം....അല്ലേ....!!!

Saturday, May 31, 2008

നീയും ഞാനും പിന്നെ....

നീയും ഞാനും പിന്നെ എല്ലാം
നിറഞ്ഞുള്ളാ മൌനവും......!!!
വാക്കുകള്‍ക്കുയിരേകുവാനായ്
സ്വരം തേടി ‍അലഞ്ഞു ഞാന്‍
സ്വരമെന്നില്‍ നിറഞ്ഞപ്പോള്‍
വാക്കുകള്‍ പോയ്മറഞ്ഞുവോ.......!!!
പിന്നെയും മൌനക്കടല്‍
വന്നെന്നെ നിന്നിലിണക്കയായ്....!
വീണ്ടുമെന്തിനു വാക്കുവേറെ
സ്വരം വേറെ നമുക്കിടെ
എന്നുമെന്നും നിന്നെയെന്നില്‍
ചേര്‍ത്തിടും മൌനമില്ലയോ......!!!

Thursday, March 27, 2008

njanum,neeyum pinne........

" neeyum,njanum,pinne ellam
niranjullaa maunavum....!
vaakkukalkkuyirekuvanay
swaram thedi alanju njan.....
swaram ennil niranjappol
vakkukal poymaranjuvo????
pinneyum maunakkadal
vannenne ninnilinakkayay....
pinne enthinu vaakku vere
swaram vere namukkide....!
ennumennum ninneyennil
cherthidum maunamillayo.....!"