Showing posts with label ചിത്രങ്ങള്‍. Show all posts
Showing posts with label ചിത്രങ്ങള്‍. Show all posts

Monday, June 14, 2010

ഓര്‍മയ്ക്ക്........!


ഒരു നീണ്ട യാത്രയുടെ ഓര്‍മയ്ക്ക്........!

Sunday, October 11, 2009

Sunday, September 20, 2009

ഇടവഴി


ഇടവഴിയില്‍ വീണുകിടക്കുന്ന വളപ്പൊട്ടുകള്‍ തിരഞ്ഞു ചെന്നപ്പോഴേക്കും കാലം അതിനുമുകളില്‍ കൂടുകൂട്ടിയിരിക്കുന്നു. ചുവന്ന ചെമ്പരത്തി പൂത്തുനിന്ന വേലിക്ക് പകരം പച്ചപായലിന്റെ മതില്‍.ഇന്നലത്തെ മഴയില്‍ നനഞ്ഞ വഴിയിലൂടെ തണുത്ത കാല്‍ വച്ച് നടക്കുമ്പോള്‍ കണ്ടു പിരിഞ്ഞുപോകവേ വിതച്ച ഓര്‍മ്മകളുടെ തളിരുകള്‍....!

Saturday, May 2, 2009

Sunday, November 23, 2008

തിരുവാതിരക്കാറ്റ്


പരന്നുകിടക്കുന്ന പാടത്തിനപ്പുറം,ചുവന്ന മണ്‍പാത അവസാനിക്കുന്നിടത്തെ തിരിവില്‍,പിന്നെ കുന്നുകയറുന്ന വഴിയില്‍, ഒക്കെ കാണാം വള്ളുവനാടിന്റെ സ്വന്തം കരിമ്പനകള്‍......തിരുവാതിരയിലെ വരണ്ട കാറ്റില്‍ പനയോലകള്‍ ഞരങ്ങും.......പിന്നെ രാത്രിയില്‍ നിലാവുദിക്കുമ്പോള്‍ അവയ്ക്കുമുകളില്‍നിന്ന് പ്രണയാര്‍ത്തരായി യക്ഷികള്‍ ഇറങ്ങിവരും.......സുന്ദരിമാരുടെ സ്വപ്നങ്ങളില്‍ ഗന്ധര്‍വ്വന്മാര്‍ ഇടം പിടിക്കുമ്പോള്‍ കരിമ്പനകളുടെ ഏകാന്തതക്ക് കൂട്ടിരിക്കുന്ന, സ്നേഹം കൊതിക്കുന്ന, യക്ഷികളെ ഭയന്ന് സന്ധ്യകളില്‍ ഇടവഴികള്‍ വിജനമാവും......പാലപ്പൂവിന്റെ മണം പരക്കുമ്പോള്‍ വീണ്ടും വരണ്ട കാറ്റില്‍ കരിമ്പനകള്‍ ഇളകും....! (ഖസാക്കിനെ ഓര്‍മിച്ചുകൊണ്ട്)

ജീവന്റെയുള്ളിലെ ജീവന്‍




വാക്കുകള്‍കൊണ്ട് നിര്‍വ‍ചിക്കാന്‍ കഴിയാത്തതിലും ആഴമുണ്ട് ഇവരുടെ ബന്ധത്തിന്..........!!!

Tuesday, August 5, 2008

മരണത്തിന്റെ മണം...!





ചക്രവാളം വരെ ചെന്ന് തിരികെ നടക്കുമ്പോള്‍
വെറുതെ കൊതിച്ച ചോദ്യം
“എവിടെയായിരുന്നു ഇതുവരെ ?”

രാവുപൊട്ടിത്തകര്‍ന്ന്
ഉറങ്ങാത്ത കണ്ണുകളില്‍ വെളിച്ചം വീണപ്പോള്‍
വെറുതെ കൊതിച്ച ചോദ്യം
“എന്തിനായിരുന്നു ഇതൊക്കെ ?”

പിന്നെ തണുത്ത ചുണ്ടുകളില്‍ത്തട്ടി
ചോദ്യങ്ങള്‍ നിലച്ചപ്പോള്‍
ഒരിക്കലും കൊതിക്കാത്ത ചോദ്യം
“എപ്പോഴായിരുന്നു അത് ?”

Sunday, July 13, 2008

വഴികള്‍.......ചില ചിന്തകള്‍....!!!











“വഴികള്‍ നമുക്കായി കാത്തിരിക്കുന്നു
വരിക സഖീ നമുക്കൊത്തുപോകാം
നിലാവിന്റെയറ്റം വരെ
നീലവാനം ചുവക്കുന്നിടംവരെ
സമയസീമകള്‍ക്കപ്പുറം
പ്രളയജലധി പിറക്കുന്നിടംവരെ
മണ്ണ് മണ്ണോടു ചേരുന്നിടംവരെ*
രണ്ടുമെയ്യായി വേര്‍പെടാന്‍ വയ്യാതെ
നിന്നില്‍ ഞാന്‍ വീണലിയുന്നിടംവരെ.....!”


അതെ,വഴികള്‍ സംസ്കാരങ്ങളെ അടയാളപ്പെടുത്തുന്നു.അവയില്‍ തുടിക്കുന്നത് മനുഷ്യന്റെ പ്രയാണങ്ങളാണ്....പലതും തേടിയുള്ളവ,പലതില്‍ നിന്നും ഉള്ളവ.........!

വഴികള്‍ നമ്മെ മണ്ണോട് ചേര്‍ത്ത് നടത്തുന്നു.ഒന്നിന്റെ അവസാനം മറ്റൊന്നിന്റെ തുടക്കമാവുന്നു.
അതങ്ങനെ അനന്തമായി തുടരുന്നു.ചില ദൂരങ്ങള്‍,ചില ഉയരങ്ങള്‍.......അവ നടന്നുതീര്‍ക്കാന്‍ മാത്രം കഴിയുന്നവയാണ് ‍.അങ്ങനെ,വഴികള്‍ നഷ്ടപെടുന്നിടത്ത് നമ്മള്‍ പകച്ചുപോകുന്നു.....അവിടെ സമയം
നിശ്ചലമാവുന്നു,ചലനം നിലയ്ക്കുന്നു.....എന്നെന്നേക്കുമായി....!


(* here i meant , "from dust to dust" )


വെറുതെ നടന്നു നോക്കുമ്പോള്‍ കാണുന്നതു ഇല്ലാതായിക്കൊണ്ടിരിക്കുന്ന വഴികളെ ആണ് . "car to carpet" lifeന് ഇടയില്‍ നാട്ടിന്‍പുറത്തെ ഇത്തരം വഴികള്‍ അന്യമായിക്കൊണ്ടിരിക്കുന്നു.നടന്നു
പോകുന്ന യാത്രകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.ഈ വഴികളോടൊപ്പം ചുരുങ്ങുന്നതു
നമ്മുടെയൊക്കെ മനസ്സുകളാണ് എന്നും തോന്നുന്നു.

അക്ഷരത്തെറ്റുകള്‍ക്ക് വീണ്ടും ക്ഷമ ചോദിക്കട്ടെ.ഇതിലും നന്നായി എനിക്കു എഴുതാന്‍ കഴിയുന്നില്ല :-(
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലൊ...???
നന്ദി

Friday, June 13, 2008

മഴച്ചിത്രങ്ങള്‍.......ചിന്തകള്‍





“കുന്നിന്റെ മുകളിലാണ് ഞാനവളെ ആദ്യം കണ്ടത്.......
കാറ്റിന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി കണ്ണിമ ചിമ്മുംനേരംകൊണ്ട്
അവള്‍ അടുത്തെത്തി........
പിന്നെ എന്റെ ദേഹത്ത് അവള്‍ തളര്‍ന്നുവീഴുമ്പൊ
പിന്നില്‍ നിന്നു അമ്മ വിളിച്ചുപറഞ്ഞു, “ആ മഴയത്ത്ന്ന് ഇങ്ങട് കേറി നില്‍ക്ക് കുട്ടാ......ഇനി പനി വരുത്തണ്ട”

അതെ......ഇടവപ്പാതി എന്നും ഒരു അനുഭൂതിയാണു.........ആകാശമാകെ കറുത്തിരുണ്ട്,വെളിച്ചം മങ്ങി വന്ന്,ആര്‍ത്തിരമ്പി പെയ്തുനിറയുന്ന ഒന്ന്........പിന്നില്‍ സൂര്യഭഗവാന്‍ നിരാശനായി നില്പുണ്ടാവും,ഭൂമിദേവിയെ ഒരുനോക്ക് കാണാനാവാതെ..........
മഴ ഒരു തുടക്കമാണ്‍;ഉര്‍വരതയുടെ ,പഴയതില്‍ നിന്ന് പുതിയതിലേക്കുള്ള സംക്രമത്തിന്റെ,മാറ്റത്തിന്റെ ഒക്കെ പ്രതീകം.......ഭൂമിയിലെ ജീവന്‍ മഴയില്‍നിന്ന് ഉദ്ഭവിച്ചു എന്നാണല്ലൊ...............!!!!
പ്രക്രിതിയാകെ മഴയില്‍ നനഞ്ഞ് കുതിര്‍ന്ന്നില്‍ക്കുമ്പൊ മുന്‍പെ കണ്ടിരുന്ന നിറങ്ങള്‍ക്കൊക്കെ പുതിയ ഒരു തെളിച്ചം.........മണ്ണ് കൂടുതല്‍ ചുവക്കുന്നു,,ഇലകള്‍ കൂടുതല്‍ ഹരിതമാവുന്നു,പൂവുകള്‍ കൂടുതല്‍ സുന്ദരികളാവുന്നു..........!!!
രാത്രിയിലെ മഴക്കു വേറെ ഒരു മുഖമാണ്.....ഇരുട്ടില്‍ പുറത്തെ മഴയില്‍ ലയിച്ചിരിക്കുമ്പൊ കാഴ്ചയുടെയും,ശബ്ദങ്ങളുടെയും,മണങ്ങളുടെയും ഒക്കെ നിറവ്..........ചീവീടുകളുടെയും തവളകളുടെയും കൂട്ടമായ കരച്ചില്‍,നനയുന്ന മണ്ണിന്റെ മണം,ഇരുണ്ട നിഴലുകളും കുറച്ചുകൂടി തെളിഞ്ഞ മഴയും......!!!
അങ്ങനെ “വീണ്ടും കാണാം” എന്ന വാക്കിനുപോലും ഇടയില്ലാതെ വീണ്ടും വീണ്ടും പെയ്തുനിറയുന്ന ഇടവപ്പാതിയിലെ മഴ......!!!