മഞ്ഞനിറം പടര്‍ന്ന കടലാസിന്റെ ഓരങ്ങളില്‍ കാലം ഏല്പിച്ച മങ്ങലുണ്ട്,ഓര്‍മ്മകളുടെ മണമുണ്ട്.അതിലെ അക്ഷരങ്ങള്‍ പെട്ടെന്ന് മനസ്സിന്റെ ഭാഗമായി മാറുന്നു:ചിരിയായി,തേങ്ങലായി,ഓര്‍മകളായി.....
+2 അവസാനിക്കാറായ മാസങ്ങള്‍.എല്ലാവരും വരാന്‍പോകുന്ന വഴിപിരിയലിന്റെ തിരിച്ചറിവിലാണ്‍.അന്ന്, ഞങ്ങള്‍ക്ക് വിട്ടുപോരാന്‍ മനസ്സുവരാത്ത ഒരുപാട് ഒത്തുചേരലുകള്‍ ഉണ്ടായിരുന്നു.ഷമീര്‍ പറയും, “ഒരു ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരുന്നെങ്കി എല്ലാം പകര്‍ത്തിവയ്ക്കാമായിരുന്നു അല്ലേടാ......ഇതിപ്പൊ വെറുതെ.....”
അങ്ങനെയാണ് മരം നടുക എന്ന ആശയം ഉയര്‍ന്നത്.പിന്നീടെപ്പോഴെങ്കിലും തിരിച്ചുവരുമ്പൊ ആ പോയകാലത്തെ “ഞങ്ങളെ” ഓര്‍ക്കുന്ന മരങ്ങളെങ്കിലും ഉണ്ടാവട്ടെ എന്നായിരുന്നു ചിന്ത.പിന്നീട് അത് Old Student's Association രൂപീകരിക്കാനുള്ള തീരുമാനം വരെ എത്തി.ഞാനും ഷമീറും അടക്കം 7-8 പേരായിരുന്നു ആദ്യ മീറ്റിങ്ങില്‍ ഉണ്ടായിരുന്നത് എന്നു ഞാന്‍ ഇപൊഴും ഓര്‍ക്കുന്നു.
ഞങ്ങളുടെ തമാശകളും,ചിരികളും,അലര്‍ച്ചകളും,പിണക്കങ്ങളും എല്ലാം എല്ലാം ഞങ്ങള്‍ക്കുമാത്രം കാണാന്‍ പാകത്തിന് ഇപ്പോഴും അവിടെ എവിടെയൊക്കെയോ ഉണ്ടാവാം.അവയൊക്കെ എനിക്ക് തിരിച്ചുതരുന്നത് ഈ പുസ്തകത്തിലെ അക്ഷരങ്ങളാണ്......അതെ,കഴിഞ്ഞുപോയതൊന്നും നഷ്ടപ്പെടലുകളല്ല,പിന്നീട് ഓര്‍മകളില്‍ കൂട്ടിവയ്ക്കാന്‍ ഉള്ള വിലമതിക്കാനാവാത്ത നേട്ടങ്ങളാണ്......!
No comments:
Post a Comment