Sunday, December 18, 2011

വൃശ്ചികം പിറന്നു

വൃശ്ചികം പിറന്നു.ഇലകളില്‍ കാറ്റ്‌ പിടിക്കുന്നത്‌ കാണാം.പൊടുന്നനെ ഞെട്ടിയുണര്‍ന്നു കരിയില പറത്തി ഉയരുന്ന കാറ്റിന്റെ ആരവം അമര്ന്നടങ്ങുന്നത് അങ്ങ് പുഞ്ചപ്പാടത്തിന്റെ കോണിലായിരിക്കും.അമ്പലമുറ്റത്തെ അരയാലിലകള്‍ക്ക് തിരക്കൊഴിഞ്ഞൊരു നേരമില്ല.വരണ്ട തിരുവാതിര കാറ്റില്‍ വരാനിരിക്കുന്ന പൂരക്കാലത്തിനായി കാത്തിരിക്കുന്നവര്‍......

ഈ കാറ്റ്‌ ഒരു സുഖമാണ്.പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്ന്.പണ്ടു കുട്ടിക്കാലത്ത് ഇങ്ങനെ കാറ്റ് ഉണരുന്ന പാതിരകളിലാണ് "ചോഴി" കളെ കാത്തു ഉറങ്ങാതിരുന്നിട്ടുള്ളത് .ഉണങ്ങിയ വാഴയിലകള്‍ നിലത്തുരയുന്ന ശബ്ദം വീശിയടിക്കുന്ന കാറ്റില്‍ ഉയര്‍ന്നു കേള്‍ക്കും.

കാറ്റിന്റെ അകമ്പടിയുള്ള വൃശ്ചികം-ധനു മാസങ്ങളിലെ രാത്രികള്‍ പലപ്പോഴും പരന്നൊഴുകുന്ന നിലാവും പാലപ്പൂ മണവും കലര്ന്നതാവും.സന്ധ്യകളില്‍ കാറ്റിന്റെ ദ്രുത താളത്തിനു അകമ്പടിയായി മുഴങ്ങുന്ന ശരണം വിളികള്‍.....

എന്ന് മുതല്‍ ഈ കാറ്റ് ഇവിടെ ഉണരാതാവുന്നുവോ അന്നിവിടെ ഞാന്‍ ഒരു പ്രളയത്തിനായി പ്രാര്‍ത്ഥിക്കും.....!!!

1 comment:

sreejith said...

എന്ന് മുതല്‍ ഈ കാറ്റ് ഇവിടെ ഉണരാതാവുന്നുവോ അന്നിവിടെ ഞാന്‍ ഒരു പ്രളയത്തിനായി പ്രാര്‍ത്ഥിക്കും.....!!!