Friday, January 23, 2009

നാട്ടുകാഴ്ചകള്‍



പതിഞ്ഞ താളത്തില്‍ നിന്നു കൊട്ടിക്കയറി ഉറഞ്ഞുവന്ന് സിരകളില്‍ ആസുര താളത്തിന്റെ ലഹരി പടര്‍ത്തുന്ന ചെണ്ടമേളം.പെട്ടെന്ന് ശ്രോതാക്കളായ ആള്‍ക്കൂട്ടത്തിന്റെ മുന്‍ നിരയില്‍നിന്ന് ഉറക്കെ ഒരു അഭിനന്ദനം കേള്‍ക്കാം...“ബലേ...ബലേ...!”

വീതികൂടിയ നെറ്റിയില്‍ നീളത്തില്‍ ചന്ദനക്കുറി.താഴ്ത്തിവെട്ടിയ മുടിയില്‍ നര കയറിയിരിക്കുന്നു.വലിയ മുഖം.മെലിഞ്ഞ ശരീരം.ചുണ്ടില്‍ ബീഡി പുകയുന്നുണ്ടാവും.കണ്ണുകള്‍ മദ്യലഹരിയിലും.കുറച്ചുകാലം മുന്‍പുവരെ വള്ളുവനാട്ടിലെ പൂരപ്പറമ്പുകള്‍ക്ക് “ബലേ” വാര്യര്‍ എന്ന ക്രിഷ്ണവാര്യരുടെ ഈ രൂപം അത്ര അന്യമായിരുന്നില്ല.പ്രസന്നമല്ലാത്ത ഈ രൂപം ഒരുവിധം എല്ലാ കഥകളിയരങ്ങുകള്‍ക്കും അണിയറകള്‍ക്കും കൂടി പരിചിതമാണ്.

പേരുകേട്ട ഒരില്ലത്തെ നമ്പൂതിരിക്ക് സംബന്ധത്തില്‍ ജനിച്ച വാര്യര്‍ ഒരു ഭഗ്നപ്രണയത്തിന്റെ ഫലമായി അവധൂതവേഷം സ്വീകരിച്ചതാണത്രെ...! കഥകളിയിലും,സാഹിത്യത്തിലും,മേളക്കണക്കുകളിലും,മറ്റ് ക്ഷേത്ര കലകളിലും അസാമാന്യ പാണ്ഡിത്യം വാര്യര്‍ക്കുണ്ടായിരുന്നു.വീടുവിട്ടിറങ്ങിയ വാര്യര്‍ പിന്നെ ജീവിച്ചത് കലയോടും കലാകാരന്മാരോടും ഒപ്പമായിരുന്നു.അങ്ങനെ നേടിയതാണു ഈ അറിവുകളെല്ലാം.നല്ലതിനെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം,ഇഷ്ടപ്പെടാത്തതിനെ കണക്കിനു കളിയാക്കാനും വാര്യര്‍ മടിച്ചിരുന്നില്ല.അദ്ദേഹം ആസ്വാദകരില്‍ ഉണ്ടെങ്കില്‍ ഒരുവിധം കലാകാരന്മാരെല്ലാം ഒരല്പം ഭയന്നിരുന്നു.

ചിന്തകളിലും സ്വഭാവത്തിലും എല്ലാം ഒരു ഫ്യൂഡല്‍ സ്പര്‍ശമുള്ള അഹന്ത വച്ചുപുലര്‍ത്തിയിരുന്ന വാര്യര്‍ പക്ഷെ എന്നും നടന്നിരുന്നത് വെറുംകയ്യോടെ ആയിരുന്നു.സ്വന്തമായി ഒന്നും ഉണ്ടായിരുന്നില്ല അദ്ദേഹത്തിനു.ഏറ്റവും കേമം ഉണ്ണായി “വാര്യര്‍” എഴുതിയ നളചരിതം ആണു വാര്യര്‍ക്ക് ...! :-)

ഉള്ളുകൊണ്ട് വളരെ ശുദ്ധനായ ഈ വ്യക്തിയെ അറിയാത്ത കളിക്കാരും കളിക്കമ്പകാരും ഉണ്ടാവില്ല.പറഞ്ഞുകേട്ട ഒരു കഥ ഓര്‍മ്മ വരുന്നു: വലിയ ഒരില്ലത്തെ രണ്ട് പെണ്‍കുട്ടികളുടെ കഥകളി അരങ്ങേറ്റം.വാര്യരുമുണ്ട് കാഴ്ചക്കാരനായി.പുറപ്പാട് കഴിഞ്ഞുമടങ്ങുമ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ വാര്യര്‍ ഉറക്കെ പറഞ്ഞു ,“ പെങ്കുട്ട്യോളായാ ഒരു പ്രായം കഴിഞ്ഞാ വേളി കഴിച്ചു കൊടുക്കന്ന്യാണേ ഭേദം....!” :-) ഇതായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനത്തിന്റെ രൂപം.

ജീവിതകാലം മുഴുവന്‍ കലോപാസകനായി ഊരുചുറ്റിയ വാര്യരുടെ മരണം ആരുമറിയാതെ ഒരു പാതയോരത്തായിരുന്നു എന്നതു വേദനാജനകമാണു.പിന്നീട് ബന്ധുക്കള്‍ കേട്ടറിഞ്ഞ് എത്തി ഏറ്റെടുത്തു എന്നു തോന്നുന്നു.ജീവിതം മുഴുവന്‍ കലക്കും കലാകാരന്മാര്‍ക്കും ഒപ്പം നടന്നുതീര്‍ത്ത, നിഷേധിയായ ആ നല്ല മനുഷ്യന്‍ എന്റെ നാട്ടിന്‍പുറത്തെ ഒരുപാട് വ്യക്തിത്വങ്ങളില്‍ ഒന്നാണു.

2 comments:

sreejith said...

പതിഞ്ഞ താളത്തില്‍ നിന്നു കൊട്ടിക്കയറി ഉറഞ്ഞുവന്ന് സിരകളില്‍ ആസുര താളത്തിന്റെ ലഹരി പടര്‍ത്തുന്ന ചെണ്ടമേളം.പെട്ടെന്ന് ശ്രോതാക്കളായ ആള്‍ക്കൂട്ടത്തിന്റെ മുന്‍ നിരയില്‍നിന്ന് ഉറക്കെ ഒരു അഭിനന്ദനം കേള്‍ക്കാം...“ബലേ...ബലേ...!”

krishnan said...

Good language kuttaa...and well written