Thursday, February 12, 2009

പൂരക്കാലം




തിരുവാതിര കഴിഞ്ഞു.....അകലെ കാതോര്‍ത്താല്‍ ചെണ്ടമേളത്തിന്റെ ഇരമ്പം കേള്‍ക്കുന്നുണ്ടോ...???!!! ഇനി ഇടവഴികളിലൂടെ വീണുകിടക്കുന്ന മാമ്പൂക്കളെ ചവിട്ടിഞെരിച്ചുകൊണ്ട് ചിലമ്പിട്ട കാലുകള്‍ നടന്നുവരും.അരയില്‍ ചുവന്ന പട്ടും, അരമണിയും,ചന്ദനം പൂശിയ മെയ്യും,കയ്യില്‍ പള്ളിവാളും,പിന്നിലേക്ക് അഴിഞ്ഞുകിടക്കുന്ന മുടിയുമായി വെളിച്ചപ്പാട്.അരികൊണ്ട് അണിഞ്ഞ നിലത്ത് പറയ്ക്കുചുറ്റും ഉറഞ്ഞുതുള്ളി,അക്ഷതമെറിഞ്ഞ് , അടുത്താണ്ടുമുഴുവന്‍ കാത്തുകൊള്ളാം എന്നു കല്പിക്കുന്ന കാവിലമ്മയുടെ പ്രതീകമായ വെളിച്ചപ്പാട്.പിന്നെ,വിറക്കുന്ന പള്ളിവാളില്‍ കാണിക്കവയ്ക്കുന്ന നാണ്യങ്ങളും,പറയെടുത്ത നെല്ലുമായി, വന്നവഴി തിരിഞ്ഞുനടക്കാതെ തൊണ്ണൂറുദേശങ്ങളും താണ്ടുന്നു,ആമക്കാവിലെ ആണ്ട തമ്പുരാട്ടി....!!!

അതിനുപിന്നാലെ ചുവന്ന നാക്കും,കിരീടവുമായി,“ അമ്പിളിപ്പൂക്കുല മെയ്യിലണിഞ്ഞ് ”, ഉണ്ണിയോടുള്ള സ്നേഹത്തിന്റെ ഉറവ വറ്റാത്ത ഹ്രുദയവും,ചടുലമായ കാല്‍ വയ്പ്പുകളുമായി പൂതന്‍ വരും.ശിരസ്സില്‍ തിടമ്പും, ചിലമ്പുമണിഞ്ഞ്,കറുത്തമെയ്യില്‍ കുരുത്തോലയുമായി തിറകള്‍....! ഉടുക്കുകൊട്ടി പാടി വരുന്ന ആണ്ടികള്‍.....അടിച്ചമര്‍ത്തപെട്ടവന്റെ അമര്‍ഷത്തിന്റെ ആഘോഷം പോലെ,കോഴിയെ മുറിച്ചു ചോരകുടിക്കുന്ന കാളിയും ദാരികനും....!

എല്ലാ രൂപങ്ങളും ഒഴുകിച്ചേരുന്ന അമ്പലമുറ്റം.തിടമ്പേന്തിയ ആനകള്‍ , കുത്തുവിളക്കുകള്‍ , ഇടഞ്ഞുകൊട്ടുന്ന വാദ്യങ്ങളുടെ ഉച്ചസ്ഥായിയിലുള്ള ലയം.കൈവഴികളായി ഒഴുകിയെത്തി, വിശ്വാസത്തിന്റെ ലഹരിയില്‍ ഒത്തുചേര്‍ന്ന് വരുന്നാണ്ടത്തെ നന്മക്കുവേണ്ടി തൊഴുതുനിന്നു, പിന്നെ രാത്രിപൂരം കഴിഞ്ഞ് , ഉറക്കം മങ്ങി ചുവന്ന കണ്ണുകളുമായി ചിതറിപ്പോകുന്ന ആള്‍ക്കൂട്ടത്തിന്റെ ആരവം.പിന്നെ സൂര്യനുദിക്കുമ്പോ ബാക്കിയാവുന്ന വെടിമരുന്നിന്റെയും ആനപിണ്ടത്തിന്റെയും മണം, ചിതറിവീണുകിടക്കുന്ന തോരണങ്ങളും കുരുത്തോലകളും......!

അതെ......വള്ളുവനാടിനു ഇനി പൂരങ്ങളുടെ കാലം.

2 comments:

sreejith said...

തിരുവാതിര കഴിഞ്ഞു.....അകലെ കാതോര്‍ത്താല്‍ ചെണ്ടമേളത്തിന്റെ ഇരമ്പം കേള്‍ക്കുന്നുണ്ടോ...???!!! ഇനി ഇടവഴികളിലൂടെ വീണുകിടക്കുന്ന മാമ്പൂക്കളെ ചവിട്ടിഞെരിച്ചുകൊണ്ട് ചിലമ്പിട്ട കാലുകള്‍ നടന്നുവരും.

അതെ......വള്ളുവനാടിനു ഇനി പൂരങ്ങളുടെ കാലം.

മേഘമല്‍ഹാര്‍(സുധീര്‍) said...

പൂര വിശേഷങ്ങള്‍ പോരട്ടേ..